ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പുല്‍പ്പള്ളി
വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സുല്‍ത്താന്‍ ബത്തേരി ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ പുല്‍പ്പള്ളി, പാടച്ചിറ, നടവയല്‍ എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്. 77.70 ച.കി.മീ. വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് മുള്ളന്‍കൊല്ലി പഞ്ചായത്ത്, തെക്ക്: പൂതാടി പഞ്ചായത്ത്, പടിഞ്ഞാറ് കബനിപുഴ (തിരുനെല്ലി), പനമരം പഞ്ചായത്തുകള്‍), കിഴക്ക് കന്നാരംപുഴ (കര്‍ണ്ണാടക ഫോറസ്റ്റ്) എന്നിവയാണ്. 1950 മുതല്‍ പുല്‍പ്പള്ളി ഒരു കുടിയേറ്റ കേന്ദ്രമായി അറിയപ്പെടാന്‍ തുടങ്ങി. കബനിയുടെ തീരത്തുള്ള ഫലഭൂയിഷ്ഠമായ മണ്ണിലേക്ക് കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ എത്തിത്തുടങ്ങി. നക്സലൈറ്റ് ആക്രമണം പുല്‍പ്പള്ളിയുടെ മുഖഛായ മാറ്റുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. 1962-ലാണ് പുല്‍പ്പള്ളി പഞ്ചായത്ത് രുപീകൃതമായത് 1963 ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടന്നു. രാഷ്ട്രീയത്തിനതീതമായിരുന്നു ആദ്യത്തെ ഈ തിരഞ്ഞെടുപ്പ്. അന്ന് ആറു വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. മലബാറില്‍ ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ആധിപത്യത്തിന്റെ അടിത്തറയിളക്കുന്ന പടയോട്ടങ്ങള്‍ നയിച്ച വീര പഴശ്ശിരാജ ബ്രിട്ടീഷ് പടയുടെ മുമ്പില്‍ തോല്‍വി സമ്മതിക്കാന്‍ കൂട്ടാക്കാതെ ആത്മാഭിമാനത്തോടെ ആത്മാര്‍പ്പണം ചെയ്ത ‘മാവിലാംതോട്’ എന്ന ചരിത്രപ്രസിദ്ധമായ സ്ഥലവും ഈ പഞ്ചായത്തിലുണ്ട്.നിരവധി ടൂറിസ്റുകളെ ആകര്‍ഷിച്ചിട്ടുള്ള പ്രകൃതി മനോഹരമായ ‘കുറുവാ ദ്വീപും’ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപിന്റെ പ്രധാന പ്രത്യേകത ഇതില്‍ നിരവധി തുരുത്തുകളോടു കൂടി 7 അരുവികള്‍ ഒഴുകുന്നു എന്നതാണ്. വനത്തോടു ചേര്‍ന്ന് കിടക്കുന്ന ഈ ദ്വീപിന്റെ ചുറ്റുമുള്ള പ്രദേശത്ത് നിരവധി അമൂല്യങ്ങളായ ഔഷധസസ്യങ്ങളും, ഓര്‍ക്കിഡ് വര്‍ഗ്ഗത്തില്‍പെട്ട ചെടികളും കാണാന്‍ കഴിയും. കുറുമര്‍, പണിയര്‍, നായ്ക്കര്‍, കാട്ടുനായ്ക്കര്‍, ഊരാളികള്‍, അടിയാന്‍മാര്‍ എന്നീ ആദിവാസി വിഭാഗങ്ങള്‍ നൂറ്റാണ്ടുകളായി ജീവിച്ചുപോന്ന ഈ പ്രദേശത്ത് തനതായ ഒരു സംസ്കാരം ഇന്നും നിലനില്‍ക്കുന്നു.
ചരിത്രം
സമീപകാലം വരെ നിബിഡ വനമായിരുന്ന ഇവിടെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ജനപദങ്ങളുണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്. പുല്‍പ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെടുത്തവയും, കോഴിക്കോട് സര്‍വ്വകലാശാല ചരിത്ര വകുപ്പിന്‍റെ മ്യൂസിയത്തിലും, വയനാട്ടിലെ അമ്പലവയലില്‍ ആരംഭിച്ച ഹെറിറ്റേജ് മ്യൂസിയത്തിലും സൂക്ഷിച്ചു വരുന്നതുമായ നിരവധി പുരാവസ്തുക്കളും, വീരക്കല്ലുകളും ഈ പ്രദേശത്തിന്റെ സവിശേഷമായ ചരിത്ര പ്രാധാന്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. പുല്‍പ്പള്ളിയിലൂടെ കര്‍ണ്ണാടകത്തിലേക്കും തമിഴ്നാട്ടിലേക്കുമുള്ള കാട്ടുപാതകളുടെ ഓരങ്ങളില്‍ നിന്നു ലഭിച്ച വീരക്കല്ലുകള്‍ പ്രാചീനകാലം മുതല്‍ പതിനെട്ടാം നൂറ്റാണ്ടു വരെ ഇവിടെ നിലനിന്ന ഒരു പാരമ്പര്യത്തെ ഓര്‍മ്മപ്പെടുത്തുന്നു. ഇവിടെ നിലനിന്നിരുന്ന ജനാധിവാസസ്ഥലങ്ങേളയും ആസ്ഥാനങ്ങളേയും കൂട്ടിയിണക്കികൊണ്ട് നിലവില്‍ വന്ന യാത്രാമാര്‍ഗ്ഗങ്ങളെ കുറിച്ചും വീരക്കല്ലുകള്‍ സൂചിപ്പിക്കുന്നു. പ്രസ്തുത വീരക്കല്ലുകള്‍ക്ക് പുറമെ സവിശേഷ ശില്പ ചാരുതയാര്‍ന്ന വിഗ്രഹങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളിലും ബ്രിട്ടീഷ് ഭരണത്തിനെതിരെ മലബാറിലുണ്ടായ ഐതിഹാസിക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കേരളവര്‍മ്മ പഴശ്ശിരാജയുടെ പ്രധാന താവളങ്ങളില്‍ ഒന്നായിരുന്നു പുല്‍പ്പള്ളി. ഇവിടെ താമസിച്ചിരുന്ന കുറുമര്‍, പണിയര്‍ എന്നീ ആദിവാസി വിഭാഗങ്ങളുടെ വിശ്വാസമാര്ജ്ജിച്ചുകൊണ്ട്, അവരുടെ സഹകരണത്തോടെയാണ് അദ്ദേഹം പോരാട്ടം നടത്തിയത്. പണ്ടുകാലം മുതല്‍ ഇവിടെ താമസിച്ചിരുന്ന ചെട്ടിമാരും പഴശ്ശിസമരത്തിന് പിന്തുണയും സഹായവും നല്‍കി. പോരാട്ടത്തിന്റെ ഘട്ടങ്ങളില്‍ പഴശ്ശിക്ക് ഭക്ഷ്യ വസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും മൈസൂരില്‍ നിന്ന് വയനാട്ടില്‍ എത്തിച്ചുകൊടുത്തതില്‍ ഇവിടുത്തെ ചെട്ടിമാരുടെ സേവനം പ്രശംസനീയമാണ്. അന്നത്തെ മലബാര്‍ ജില്ലാകലക്ടര്‍ ആയിരുന്ന ടി.എച്ച്.ബാവയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഭടന്മാരോട് ഏറ്റുമുട്ടിയാണ് പുല്‍പ്പള്ളിക്കടുത്ത് മൈസൂര്‍ കാടുകളോട് ചേര്‍ന്നുള്ള മാവിലാത്തോട് എന്ന സ്ഥലത്ത് വച്ച് 1805-നവംബര്‍ 30 ന് പഴശ്ശിരാജ വീരമൃത്യു വരിച്ചത്. ഇവിടെ പുല്‍പ്പള്ളി പഞ്ചായത്ത് 1988 ല്‍ ഒരു രക്തസാക്ഷി മണ്ഡപം നിര്‍മ്മിച്ചിട്ടുണ്ട്. പഴശ്ശിയുടെ സമരങ്ങളോടൊപ്പം തന്ന ടിപ്പുവിന്റെ പടയോട്ടങ്ങള്‍ക്കും പുല്‍പ്പള്ളി സാക്ഷ്യം വഹിച്ചു. പുല്‍പ്പള്ളിയ്ക്കടുത്ത് കന്നാരംപുഴയുടെ കുറുകെ ടിപ്പു നിര്‍മ്മിച്ച പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നും കാണാവുന്നതാണ്. വണ്ടിക്കടവ് എന്ന സ്ഥലത്തുനിന്ന് വനത്തിലൂടെ മൈസൂരിലേക്കുള്ള റോഡും അക്കാലത്ത് നിര്‍മ്മിക്കപ്പെട്ടിരുന്നു. പുല്‍പ്പള്ളിയിലെ സീതാദേവി ക്ഷേത്രം പഴശ്ശി തമ്പുരാന്റെ ആരാധന സ്ഥലമായിരുന്നു. ഈ ക്ഷേത്ര പരിസരത്ത് പഴശ്ശിയുടെ കോട്ട സ്ഥിതി ചെയ്തിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനടുത്ത് കൈതക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്ന കുളത്തിലായിരുന്നു അദ്ദേഹത്തിന്റെ ആയുധങ്ങളും അമൂല്യ വസ്തുക്കളും ഉപേക്ഷിക്കപ്പെട്ടതെന്നും വിശ്വാസമുണ്ട്. സീതാദേവിയെ ആരാധിക്കുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് പുല്‍പ്പള്ളിയിലെ സീതാ-ലവ-കുശ-ക്ഷേത്രം. ഇവിടുത്തെ പല സ്ഥലനാമങ്ങള്‍ പോലും രാമായണ കഥയുമായി ബന്ധപ്പെട്ടതാണ്. 1967-68 കാലഘട്ടത്തില്‍ ഇവിടെ വ്യാപകമായ കുടിയേറ്റമാരംഭിച്ചു. 1967 ല്‍ വലിയ ഒരു കുടിയിറക്ക് ഭീഷണിയുണ്ടായി. കുടിയേറ്റക്കാര്‍ ജാതിമതഭേദമെന്യേ സംഘടിച്ച് ഇതിനെതിരെ പ്രക്ഷോഭം ആരംഭിച്ചു.പുല്‍പ്പള്ളിയിലെ ജനങ്ങള്‍ ഒരു പൊതു ആവശ്യത്തിന് വേണ്ടി സംഘടിച്ച ആദ്യത്തെ സന്ദര്‍ഭമായിരുന്നു അത്.കുടിയേറ്റ കാലഘട്ടങ്ങളില്‍ പുല്‍പ്പള്ളിയിലേക്കുള്ള ഗതാഗത മാര്‍ഗ്ഗം പനമരത്തുനിന്ന് വനങ്ങളിലൂടെ ആയിരുന്നു. ഭക്ഷ്യ വസ്തുക്കളും ആവശ്യ സാധനങ്ങളുമൊക്കെ തലച്ചുമടായി പതിനാറു കി.മീ. ദൂരം യാത്ര ചെയ്ത് പുല്‍പ്പള്ളിയില്‍ എത്തിക്കുകയെന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. പുല്‍പ്പള്ളിയും കര്‍ണ്ണാടകയുമായി വ്യാപാര ബന്ധങ്ങള്‍ പണ്ടുകാലം മുതല്‍ നിലനിന്നിരുന്നു. ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും കന്നുകാലികളുടെ പുറത്ത് പുല്‍പ്പള്ളിയില്‍ എത്തിച്ച് വാഴക്കുല തുടങ്ങിയവ തിരിച്ചുകൊണ്ടുപോവുകയായിരുന്നു പതിവ്. 1971 ല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പെരിക്കല്ലൂരിലേക്ക് ഒരു പ്രധാന റോഡ് നിര്‍മ്മിക്കപ്പെട്ടു.തുടര്‍ന്ന് മറ്റെല്ലാ കുടിയേറ്റ മേഖലകളിലെ പോലെ പുല്‍പ്പള്ളിയിലും നാട്ടുകാരുടെ നിസ്വാര്‍ത്ഥമായ സഹകരണത്തോടെ നിരവധി റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടു. 1925 ലാണ് പുല്‍പ്പള്ളിയുടെ ഭാഗമായ ചേകാടിയില്‍ സി.എം.എസ്.ഐ. പ്രവര്‍ത്തകര്‍ ഒരു സ്ക്കൂളിന് തുടക്കം കുറിച്ചത്. പിന്നീട് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ അംഗീകാരത്തോടെ അവിടെ ഒരു വിദ്യാലയം ആരംഭിച്ചു. പുല്‍പ്പള്ളി ക്ഷേത്രത്തിന്റെ അധീനതയിലുള്ള തരിശായി കിടക്കുന്ന 26 ഏക്കര്‍ ഭൂമിയില്‍ കോളേജ് ആരംഭിക്കുവാന്‍ ‘പഴശ്ശിരാജ എഡ്യുക്കേഷണല്‍ സൊസൈറ്റി’ എന്ന പേരില്‍ ഒരു സംരംഭം ആരംഭിച്ചു. ഈ സന്ദര്‍ഭത്തില്‍ പ്രസ്തുത സ്ഥലം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞുകൊണ്ട് എസ്.എന്‍.ഡി.പി. യൂണിയന്‍ രംഗത്തു വന്നു. അവിടെ ശ്രീനാരായണഗുരുവിന്റെ പ്രതിമ സ്ഥാപിക്കുവാന്‍ വേണ്ടി യോഗം പ്രസിഡന്റ് ശ്രീ.എന്‍.കെ രാഘവന്‍ പുല്‍പ്പള്ളിക്ക് പുറപ്പെടുകയും സ്ഥലത്തിന് തര്‍ക്കമുള്ളതിനാല്‍ വഴിക്ക് വെച്ച് പോലീസ് തടയുകയും ചെയ്തു. വീണ്ടും ഗവണ്‍മെന്റ് അനുമതിയോടെ ഈ സ്ഥലത്ത് പ്രതിമ സ്ഥാപിക്കുവാന്‍ തറക്കല്ലിട്ടു. ഇതില്‍ പ്രതിഷേധിച്ച് കോളേജ് കമ്മിറ്റി അംഗങ്ങള്‍ നാട്ടുകാരുടെ സഹകരണത്തോടെ ബന്ദും പ്രതിഷേധ പ്രകടനവും നടത്തി. പ്രകടനക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ വെടിവെപ്പില്‍ കലാശിക്കുകയും മൂന്നു പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്തു. 1983 ജൂലായ് 6-ാം തീയതി നടന്ന ഈ സംഭവം പുല്‍പ്പള്ളിക്കാരുടെ മനസ്സിലിന്നും അശാന്തിയുണര്‍ത്തുന്ന ഒരു ഓര്‍മ്മയായി അവശേഷിക്കുന്നു.
വിദ്യാഭ്യാസ ചരിത്രം
1922 ല്‍ ചേകാട് പ്രദേശത്ത് ആരംഭിച്ച എല്‍.പി.സ്ക്കൂളില്‍ നിന്നുമാണ് പുല്‍പ്പള്ളിയുടെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത്. അതിന് മുന്‍പ് ചേകാടി, പാക്കം എന്നിവിടങ്ങളിലും പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശങ്ങളിലായി താമസിച്ചിരുന്ന ആദിവാസി വിഭാഗത്തില്‍ പെട്ടിരുന്ന ആളുകളും ചെട്ടി, ഗൌഡ എന്നീ വിഭാഗത്തില്‍ പെട്ടിരുന്ന ആളുകളും അവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി കര്‍ണ്ണാടക സംസ്ഥാനത്തേയും കേരളത്തിലെ മറ്റു ജില്ലകളിലുള്ള സ്ക്കൂളുകളേയുമാണ് ആശ്രയിച്ചിരുന്നത്. 1922 ല്‍ ക്രിസ്ത്യന്‍ മിഷനറിമാരാണ് ചേകാടിയില്‍ സ്ക്കൂള്‍ ആരംഭിച്ച് പ്രദേശത്തിന്റെ വിദ്യാഭ്യാസപരമായ പുരേഗതിക്ക് തുടക്കം കുറിച്ചത്. അതിന് ശേഷം 1938 ല്‍ 12 വിദ്യാര്‍ത്ഥികളോടുകൂടി കുപ്പത്തോട് മാധവന്‍ നായര്‍ ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയുണ്ടായി. 1964 ലാണ് ഈ മേഖലയില്‍ ആദ്യമായി ഹൈസ്ക്കൂള്‍ അനുവദിച്ചത്. ഇതിന്റെ പേര്‍ വിജയാ ഹൈസ്ക്കൂള്‍ എന്നായിരുന്നു.
കുടിയേറ്റ ചരിത്രം
1950-കളില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും പുല്‍പ്പള്ളിയിലേക്കാരംഭിച്ച കുടിയേറ്റം 1967 ആയതോടെ ഏതാണ്ട് പൂര്‍ണ്ണമായി. ആ കാലഘട്ടത്തില്‍ പുല്‍പ്പള്ളിയിടെ സിംഹഭാഗവും നിബിഡ വനമായിരുന്നു. യാത്രാ സൌകര്യങ്ങള്‍ കാര്യമായി ഒന്നും തന്ന ഉണ്ടായിരുന്നില്ല. പത്തിരുപതോളം മൈല്‍ ദൂരമുണ്ടായിരുന്ന പനമരം, മീനങ്ങാടി, മാനന്തവാടി മുതലായ കേന്ദ്രങ്ങളുമായി കാല്‍നടയായി സഞ്ചരിച്ചെത്തിയാണ് നിത്യേപയോഗ സാധനങ്ങള്‍ വാങ്ങിയിരുന്നതും കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചിരുന്നതും. അന്നത്തെ ഇവിടുത്തെ അധ്വാനശീലരായ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളായ കപ്പയും, ചേനയും, ചുക്കും മറ്റും ലോറികളില്‍ കൊണ്ടുപോകാനും പുറം ലോകവുമായി ബന്ധപ്പെടാന്‍ ഉതകും വിധവും കൈവശമുള്ള സ്ഥലം സ്വമേധയാ വിട്ടു കൊടുത്തും, വന്‍ തോതില്‍ കായിക ശേഷി സംഭാവന ചെയ്തും നിരവധി റോഡുകള്‍ വെട്ടിയുണ്ടാക്കി.
സാംസ്കാര ചരിത്രം
ആദിവാസികളെ കൂടാതെ മറ്റൊരു മുഖ്യമായ ജനവിഭാഗമാണ് ചെട്ടിമാര്‍. സംഗീതവും നൃത്തവും ആദിവാസി സംസ്കാരത്തിന്റെ മുഖമുദ്രകളാണ്. വട്ടംകളി, കോല്‍ക്കളി എന്നിവയും വൈവിധ്യമേറിയ ആചാരനുഷ്ഠാനങ്ങളും ആദിവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട അവരുടെ ചടങ്ങുകള്‍ മറ്റ് ജനവിഭാഗങ്ങളുടേതിനേക്കാള്‍ വ്യത്യസ്തയും സവിശേഷതയും പുലര്‍ത്തുന്നു.പുല്‍പ്പള്ളി പഞ്ചായത്തിലെ പാക്കം എന്ന സ്ഥലത്ത് ‘പാക്കംകോട്ട’ എന്നറിയപ്പെടുന്ന പുരാതന ക്ഷേത്രാവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. അടിയരുടെ പഴംപാട്ടുകളില്‍ ഇതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. കുംഭമാസത്തില്‍ കുറുമര്‍ ആചരിച്ചുവരുന്ന ‘ഉച്ചാല്‍’ തുലാമാസത്തില്‍ നടത്തപ്പെടുന്ന ‘പുത്തരിയുത്സവം’ എന്നിവയും സവിശേഷതയുള്ളവയാണ്. തുലാമാസം പത്താം തീയതി കുറുമര്‍ കൂട്ടമായി മൃഗങ്ങളെ വേട്ടയാടുന്ന ചടങ്ങ് സമീപകാലം വരെ സജീവമായിരുന്നുവെങ്കിലും ഇപ്പോള്‍ നാമമാത്രമായിരിക്കുന്നു.1950 മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുല്‍പ്പള്ളിയിലേക്ക് കുടിയേറ്റ കര്‍ഷകരുടെ പ്രവാഹം തന്നയുണ്ടായി. വ്യത്യസ്തമായ മത വിഭാഗങ്ങളിലുള്‍പ്പെടുന്നവര്‍ ഏകോദര സഹോദരങ്ങളെപ്പോലെ പ്രകൃതിയോട് മല്ലടിച്ച് ഇവിടെ ജീവിതമാരംഭിച്ചു. കുടിയേറ്റത്തിനും വളരെ മുന്‍പു തന്ന പുല്‍പ്പള്ളിയിലുണ്ടായിരുന്ന ആരാധനാ കേന്ദ്രമാണ് സീതാ- ലവ- കുശ-ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ കൈവശമുണ്ടായിരുന്ന വളക്കൂറുള്ള മണ്ണിലാണ് കുടിയേറ്റക്കാര്‍ അദ്ധ്വാനത്തിലൂടെ പുതിയൊരു ജീവിതം കരുപ്പിടിപ്പിച്ചത്. അതുകൊണ്ടു തന്ന ജനുവരി മാസത്തില്‍ നടത്തപ്പെടുന്ന ക്ഷേത്രോത്സവം മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമോദാഹരണമാണ്. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും ഉത്സവനാളുകളില്‍ ക്ഷേത്രദര്‍ശനം നടത്തുകയും ഉത്സവപരിപാടികളില്‍ സഹകരിക്കുകയും ചെയ്യുന്നു.വ്യാപകമായ കുടിയേറ്റത്തിനുശേഷം ഓരോ മതസ്ഥരും അവരവരുടേതായ ആരാധനാകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. മരകാവ് സെന്റ് തോമസ് പള്ളി, ആടിക്കൊല്ലി സെന്റ് സെബാസ്റ്യന്‍സ് പള്ളി, സെന്റ് ജോര്‍ജ് (മലങ്കര) പള്ളി എന്നിവയും യാക്കോബായ പള്ളികളായ ചീയമ്പം, ആനപ്പാറ, മാനിക്കാട്ട്കുന്ന്, കാപ്പിസെറ്റ്, മാരപ്പന്‍ മൂല, പുല്‍പ്പള്ളി ടൌണ്‍ എന്നിവ പ്രധാനപ്പെട്ട ക്രിസ്ത്യന്‍ ആരാധനാകേന്ദ്രങ്ങളാണ്.പുല്‍പ്പള്ളി ടൌണില്‍ സ്ഥിതിചെയ്യുന്ന റഹ്മാനിയ ജുമാ മസ്ജിദ് ആണ് പ്രധാനപ്പെട്ട മുസ്ളീം ആരാധനാലയം. 1972-ല്‍ പന്ത്രണ്ട് മുസ്ളീം കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ചതാണ് ഈ പള്ളി.ആദിവാസികള്‍ ഇപ്പോഴും സംസാരിക്കുന്നത് അവരുടേതായ ലിപിയില്ലാത്ത ഗോത്രഭാഷകളാണ്. കന്നട ഭാഷയോട് സാദൃശ്യം പുലര്‍ത്തുന്നവയാണ് മിക്കവയും. മലയാളം, തമിഴ്, തുളു എന്നീ ഭാഷകള്‍ സംസാരിക്കുന്ന ചെട്ടി സമുദായങ്ങളും ഇവിടെയുണ്ട്. കുടിയേറ്റത്തിനു ശേഷമാണ് ഈ പ്രദേശം വിദ്യാഭ്യാസപരമായി മുന്നറാന്‍ തുടങ്ങിയത്. 1980-ന് ശേഷം പുല്‍പ്പള്ളിയില്‍ ആരംഭിച്ച ‘ഫീനിക്സ് ഫിലിം സൊസൈറ്റി’ പുതിയൊരു ദൃശ്യസംസ്കാരം വളര്‍ത്തുവാന്‍ സഹായിച്ചു. മലയാളത്തിലേയും മറ്റു ഭാഷകളിലേയും കലാമൂല്യമുള്ള സിനിമകള്‍ ഇവിടെ കാണുവാനുള്ള അവസരമുണ്ടായി.പട്ടികവര്‍ഗക്കാര്‍ ഇവിടെ ‘നൂറ്റാണ്ടുകളായി താമസമാക്കിയവരാണ്. കുറുമര്‍, പണിയര്‍, ഊരാളി, നായ്ക്കര്‍, കാട്ടുനായ്ക്കര്‍, അടിയാന്‍മാര്‍ എന്നീ വര്‍ഗങ്ങളാണ് ഈ മേഖലയിലെ ആദിവാസികളില്‍ ഉള്‍പ്പെടുന്നത്. ഇവരില്‍ കുറുമ വിഭാഗത്തില്‍ പെട്ടവര്‍ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് സാമൂഹ്യമായും സാമ്പത്തികമായും മുന്നിലെത്തിയിട്ടുണ്ട്. പരമ്പരാഗത തൊഴിലായ കന്നുകാലി വളര്‍ത്തലും കൃഷിയുമാണ് ഇവരുടെ ഉപജീവനമാര്‍ഗ്ഗം. കോളനികളിലായി ജീവിച്ചുവന്നിരുന്ന ഇവര്‍ ഇന്നു വേറിട്ടു താമസിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ഈ വിഭാഗത്തിന്റെ പ്രധാനപ്പെട്ട ആഘോഷങ്ങളാണ് ഉച്ചാലും പുത്തരിയുത്സവവും. ഈ മേഖലയിലെ കുറുമ സമുദായത്തില്‍പെട്ട യുവതീയുവാക്കള്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ ജോലിചെയ്യുന്നുണ്ട്. സാമൂഹ്യരംഗത്തും രാഷ്ട്രീയരംഗത്തും സാംസ്കാരിക രംഗത്തും പ്രവര്‍ത്തിക്കുന്നവരും ഈ വിഭാഗത്തിലുണ്ട്.